ഇടുക്കി: കേരള നിയമസഭ ഇലക്ഷൻ 2021 ൻ്റെ സുഗമമായ നടത്തിപ്പിന് ഇടുക്കി ജില്ലയിലെ പോലീസിൻ്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായി. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഇലക്ഷൻ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി. എസ്. സുരേഷ് കുമാർ, 11 ഡിവൈ.എസ്പിമാർ, 42 പോലീസ് ഇൻസ്പെക്ടർമാർ, 184 സബ് ഇൻസ്പെക്ടർമാർ, 1599 പോലീസ് ഉദ്യോഗസ്ഥർ, 250 കേന്ദ്ര സേനാംഗങ്ങൾ, 625 സ്പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇടുക്കി ജില്ലയിലുടനീളം 85 ഓളം ഗ്രൂപ്പ് പട്രോളിംഗ് സംഘവും 60 ലോ ആൻഡ് ഓർഡർ പട്രോളിംങ് സംഘവും പ്രവർത്തിക്കും.

ഇത് കൂടാതെ ഇടുക്കി ജില്ലയില്‍ ആറ് ഇലക്ഷൻ സബ്ഡിവിഷൻ ആയി തിരിച്ച് ഓരോ സബ് ഡിവിഷനിലും ഓരോ ഡിവൈ.എസ്പി മാർക്ക് ചുമതല കൊടുത്ത് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൂടാതെ സംസ്ഥാന പോലീസ് മേധാവി, എഡിജിപി ലോ ആൻഡ് ഓർഡർ, ഐജിപി സൗത്ത് സോൺ, ഡിഐജി എറണാകുളം റേഞ്ച്, ജില്ലാ പോലീസ് മേധാവി എന്നിവരുടെ സ്ട്രൈക്കിംഗ് ഫോഴ്സുകൾ സബ്ഡിവിഷൻ തലത്തിൽ വിന്യസിച്ചുണ്ട്. പ്രശ്നബാധിത ബൂത്തുകളിലും ലൊക്കേഷനുകളിലും ജില്ലാ പോലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. വീഡിയോ റെക്കോർഡിങ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചു.

ഫോട്ടോ- കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിര‍ഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നേത്യത്വത്തില്‍ വിളിച്ചു ചേര്‍ത്തയോഗം