കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടിംഗ് സമയം. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തുകളിലെത്തും.
ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടുതലാണ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കക്കാർക്കും വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് നൽകും.

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് സജ്ജമാക്കിയത്. 983 മെയിൻ ബൂത്തുകളും 608 ഓക്സിലറി ബൂത്തുകളുമുൾപ്പെടെയാണിത്. 13 താൽക്കാലിക ബൂത്തുകളും ഒരുക്കി.

2021 മാർച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ആകെ 10,59,967 വോട്ടർമാരാണുള്ളത്. ഇതിൽ പൊതുവോട്ടർമാരും പ്രവാസി വോട്ടർമാരും ഉൾപ്പെടെ 10,58,337 പേരും 1630 സർവീസ് വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 518501 പേർ പുരുഷൻമാരും 5,41,460 പേർ സ്ത്രീകളും ആറ് പേർ ഭിന്നലിംഗക്കാരുമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. മഞ്ചേശ്വരം: ജി.എച്ച്.എസ്.എസ് കുമ്പള, കാസർകോട്: ഗവ. കോളേജ് കാസർകോട്, ഉദുമ: ഗവ. പോളിടെക്നിക് പെരിയ, കാഞ്ഞങ്ങാട്: നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ: ഇ.കെ.എൻ.എം പോളിടെക്നിക് കോളേജ് തൃക്കരിപ്പൂർ എന്നിവയാണ് വിതരണ കേന്ദ്രങ്ങൾ.വിതരണം രാവിലെ എട്ടിന് ആരംഭിക്കും. ആൾക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതൽ 9.30 വരെ, 9.30 മുതൽ 11 മണി വരെ, 11 മണി മുതൽ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ മാത്രമേ കൗണ്ടറിൽ പ്രവേശിക്കൂ. മറ്റ് ഉദ്യോഗസ്ഥർ വാഹനത്തിൽ തന്നെ ഇരിക്കും. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പർ സീൽ, സീലുകൾ, മറ്റു സാമഗ്രികൾ എന്നിവ പ്രിസൈഡിംഗ് ഓഫീസർ/ഫസ്റ്റ് പോളിംഗ് ഓഫീസർമാരാണ് നിശ്ചയിച്ച കൗണ്ടറിൽ നിന്നും സ്വീകരിക്കേണ്ടത്. റിസർവിലുള്ള ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവർക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
1989 വീതം പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ, സെക്കൻഡ് പോളിങ് ഓഫീസർമാർ, തേഡ് പോളിങ് ഓഫീസർമാർ, 1591 പോളിംഗ് അസിസ്റ്റന്റുമാർ, 153 മൈക്രോ ഒബ്സർവർമാർ എന്നിവർ ഉൾപ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. റിസർവ് ഉൾപ്പെടെയാണിത്. ബൂത്തുകളിൽ കോവിഡ് 19 പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവർത്തകരെയും ആശാവർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്.