മലപ്പുറം: കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമാക്കി വോട്ടിങ് കംപാര്‍ട്ട്മെന്റിലെത്തി ഇ.വി.എം മെഷീനില്‍ത്തന്നെ വോട്ട് അടയാളപ്പെടുത്താനുള്ള സൗകര്യമാണിത്. കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്ക് പ്രിസൈഡിങ് ഓഫീസര്‍മാര്‍ ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കും. ഇതില്‍ ബ്രെയ്ലി ലിപിയില്‍ സ്ഥാനാര്‍ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ വിവരങ്ങള്‍ മനസിലാക്കി വോട്ടര്‍ക്ക് ഇ.വി.എം മെഷീനില്‍ വലതു വശത്ത് ബ്രെയ്ലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമ നമ്പര്‍ പ്രകാരം ബട്ടന്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.