കൊല്ലം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും പ്രതിരോധം ശക്തിപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവരെ പ്രത്യേക കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയാണ് ഇപ്പോള്‍. എല്ലാ പ്രാഥമിക/കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നിശ്ചിത ദിവസങ്ങളിലും കൊല്ലം വിക്‌ടോറിയ ആശുപത്രിയിലും കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, കരുനാഗപ്പളളി, നെടുങ്ങോലം, നീണ്ടകര, കടയ്ക്കല്‍, കുണ്ടറ താലൂക്കാശുപത്രികളിലും കൊല്ലം ടി.എം. വര്‍ഗീസ് ഹാളിലും എല്ലാ ദിവസവും രോഗനിര്‍ണയ ടെസ്റ്റിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് എല്ലാ ദിവസവും ആറു ടീമായി വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ എത്തി ടെസ്റ്റുകള്‍ നടത്തുന്നുമുണ്ട്.
ഇന്ന്(ഏപ്രില്‍ 12) പാലത്തറ, ഓച്ചിറ, കുണ്ടറ, നിലമേല്‍, കുളത്തൂപ്പുഴ, തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നാളെ(ഏപ്രില്‍ 13) നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തി.

കോവിഡ് രണ്ടാം വരവില്‍ 41-59 വയസ് പ്രായമുള്ളവരിലാണ് രോഗത്തിന്റെ തീവ്രത കൂടുതലായി കാണപ്പെടുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുന്നരില്‍ 30 വയസു മുതല്‍ പ്രായമുള്ള യുവാക്കളുടെ എണ്ണവും കൂടുന്നുണ്ട്. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതും ചെറിയ ജലദോഷമോ പനിയോ വന്നാല്‍ ചികിത്സ തേടുന്നതിനുള്ള വൈമുഖ്യവും രോഗികളുമായുള്ള സമ്പര്‍ക്കവും, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയാത്തതുമെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു.

യുവാക്കളില്‍ ഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങള്‍ അതിതീവ്ര ശ്വാസകോശ രോഗങ്ങളായിട്ടാണ് കാണപ്പെടുന്നത്. മരണപ്പെട്ടവരില്‍ 97 ശതമാനം പേരും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന കോവിഡ് ബാധിതരാണ്. ഇതില്‍തന്നെ ഉയര്‍ന്ന മരണ നിരക്ക് ഒന്നിലധികം രോഗങ്ങള്‍ (രക്താതിമര്‍ദ്ദം, പ്രമേഹം, വൃക്കരോഗം ഹൃദ്രോഗം, കരള്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍) ഉള്ളവരിലായിരുന്നു.