കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അടുത്ത രണ്ടാഴ്ചത്തേക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് മീന്‍ വില്‍ക്കാന്‍ അനുമതിയില്ല. മേഖലകളിലെ കോവിഡ് സ്ഥിതിവിവരം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതര സംസ്ഥാനത്തു നിന്നു വരുന്ന എല്ലാ തൊഴിലാളികളും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.