മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് ജില്ലയില്‍ എത്തിയതാണ്. 253 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 1,23,870 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയിലിപ്പോള്‍ 19,777 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,046 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 156 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 113 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 620 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.