പാലക്കാട്: വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്ന് വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ, ഏജൻ്റുമാർ എന്നിവർ ടെസ്റ്റിന് വിധേയരാകണമെന്ന നിർദ്ദേശം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരും തഹസിൽദാർമാരും നൽകേണ്ടതും ടെസ്റ്റ് നടത്തിയതായി ഉറപ്പു വരുത്തേണ്ടതുമാണ്.

വെബ് കാസ്റ്റിംഗിൽ ഏർപ്പെട്ടിരുന്നവർ ടെസ്റ്റ് നടത്തിയതായി അക്ഷയ കേന്ദ്രം ജില്ലാ കോഡിനേറ്റർ ഉറപ്പുവരുത്തേണ്ടതാണ്. ഹരിത കർമ്മ സേനാംഗങ്ങൾ ടെസ്റ്റിന് വിധേയരായതായി നഗരസഭ /പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഏപ്രിൽ 17ന് മുൻപ് കോവിഡ് ടെസ്റ്റിന് വിധേയരാകണം.

ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ് ഏജൻ്റുമാർ വെബ് കാസ്റ്റിംഗ് നടത്തിയവർ, പോളിംഗ് ബൂത്തുകളിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്ന ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ ഏപ്രിൽ 17ന് മുൻപായി കോവിഡ് ടെസ്റ്റിന് (ആർ.ടി.പി.സി.ആർ)
വിധേയരാകാനാണ് നിർദ്ദേശം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്