പരിശോധനാ ക്യാമ്പയിന് പിന്നാലെ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിക്കും

പത്തനംതിട്ട: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും(ഏപ്രില്‍ 16 വെള്ളി, 17 ശനി) കോവിഡ് പരിശോധനാ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ആയിരിക്കും ഇന്നും നാളെയുമായുള്ള ക്യാമ്പയിന്‍ ക്രമീകരിക്കുന്നത്. പരിശോധന വര്‍ധിപ്പിക്കുന്നതിനോടൊപ്പം വാക്സിനേഷന്‍ ക്യാമ്പുകളും സജ്ജമാക്കും. രോഗലക്ഷണമുള്ളവര്‍, രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോളിംഗ് ഏജന്റുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്കു വിധേയരാകുന്നുണ്ടെന്നു വാര്‍ഡ്തല സമിതികള്‍ ഉറപ്പുവരുത്തും. വാക്സിന്‍ സ്വീകരിക്കാത്തവരും പൊതുവിടങ്ങളില്‍ പോകുന്നവരും 45 വയസിനു മുകളില്‍ പ്രായമായവരും പരിശോധയ്ക്കു വിധേയരാകണം. കോവിഡ് രോഗികളും രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ഏതെങ്കിലും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ മറ്റു ജീവനക്കാര്‍ക്കും പരിശോധന നടത്തുകയും സ്ഥാപനം മൂന്നു മുതല്‍ നാല് ദിവസത്തേയ്ക്ക്് അടച്ചിടുകയും വേണം. ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ സി.എഫ്.എല്‍.ടി.സികളുടെ എണ്ണം ഉയര്‍ത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിന് ആവശ്യമായ സ്ഥാപനങ്ങള്‍ അടിയന്തരമായി കണ്ടെത്തി പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഓരോ തദ്ദേശസ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഇന്റര്‍നെറ്റ്, വാഹനം എന്നീ സൗകര്യങ്ങള്‍ ഒരുക്കണം. പത്തനംതിട്ട മേരി മാതാ സ്‌കൂളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്ന് (16) മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. ക്യാമ്പുകളില്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. നിലവിലുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 40 വയസില്‍ താഴെയുള്ളവരില്‍ മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. കോവിഡ് അതിതീവ്ര രോഗവ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അഭ്യര്‍ഥിച്ചു.
ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, ആര്‍.സി.എച്ച്.ഒ ഡോ.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.