കൊച്ചി: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി-വര്‍ഗ വിഭാഗ യുവതീ യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) മുഖേനയാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്.
സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിച്ച് അക്കാദമിയുടെ തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, കേന്ദ്രങ്ങളില്‍ പൂര്‍ണ സമയ പരിശീലന കോഴ്‌സിന് പ്രവേശനം ലഭിക്കുന്ന 21 നും 37 നും മധ്യേ പ്രായമുളള പട്ടികജാതി/വര്‍ഗ വിഭാഗ യുവതീ യുവാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്ഥാപനത്തില്‍ നല്‍കേണ്ട പരിശീലന ഫീസും, പരിശീലന കാലയളവിലേക്ക് പ്രതിമാസം 5000 രൂപ ഹോസ്റ്റല്‍ ഫീസായും 1000 രൂപ പോക്കറ്റ് മണിയായും ലഭിക്കും. 96 പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്കും 24 പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്കുമായി ആകെ 120 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്  ലഭ്യമാകുക. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നവര്‍ ബന്ധപ്പെട്ട സ്ഥാപന മേധാവി വഴി തിരുവനന്തപുരം മണ്ണന്തല പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ഇ.റ്റി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പ്രവേശന പരീക്ഷയ്ക്ക www.ccek.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 26.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.icsets.orgwww.scdd.gov.inwww.stdd.gov.in എന്നീ വെബ്‌സൈറ്റുകള്‍ കാണുകയോ, തിരുവനന്തപുരം മണ്ണന്തലയുളള ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ ഓഫീസുമായോ, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുകയോ ചെയ്യണം.