കണ്ണൂർ: ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു.
പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് പ്രധാനമായും ശ്രദ്ധ ക്രേന്ദീകരിക്കേണ്ടത്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.
ഫ്രിഡ്ജിനു പുറകിലെ ട്രേ, മണി പ്ലാന്റ് , ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍ /ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക.
ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ തുണിയോ ഉപയോഗിക്കാം. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറയ്ക്കുക.
മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക. വാഴപ്പോളകളിലും, പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക
എലി, അണ്ണാന് മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.
റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക.
അടക്കാ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകള്‍ ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചുകളയുക. അല്ലെങ്കില്‍ അവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക.
ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.
മുളംകുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക.
ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കാതിരിക്കുക
മഴക്കാലത്ത് ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടി നില്ക്കാതിരിക്കാന് ശ്രദ്ധിക്കുക
വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടുകയോചാല് കീറി വെള്ളം വറ്റിച്ചുകളയുകയോ ചെയ്യുക.
ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും നീക്കം ചെയ്യുക. വീടിനു ചുറ്റുമുള്ള പാഴ്ച്ചെടികളും ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.
ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല ഘടിപ്പിക്കുക.