കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊതുജന പിന്തുണ മികച്ച രീതിയില്‍ ലഭിച്ചെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നഗര-ഗ്രാമീണ മേഖലകളില്‍ പരിശോധനാ സംവിധാനം ഒരുക്കി പോലീസും മറ്റ് സേനാവിഭാഗങ്ങളും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. അവശ്യ-സേവന വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ നിശ്ചയിച്ച് അനുമതി ലഭിച്ച ചടങ്ങുകള്‍ക്കുമാണ് യാത്രാനുമതി നല്‍കിയത്. വാക്‌സിനേഷന് വിധേയരാകേണ്ടവര്‍ക്കും ഇളവുകള്‍ ഏര്‍പ്പെടുത്തി.

പൊലീസ് സേനയുടെ റാപിഡ് റെസ്‌പോണ്‍സ് റെസ്‌ക്യു ഫോഴ്‌സ് ബറ്റാലിയന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ട്രാഫിക് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശോധനകളില്‍ സജീവമായി പങ്കെടുത്തു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം കനത്ത പോലീസ് നിരീക്ഷണവും ഉറപ്പാക്കി.

നിത്യോപയോഗ-അടിയന്തര സേവനം നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളും ഡോര്‍ ടു ഡോര്‍ ഡെലിവറി ജീവനക്കാരും അവശ്യ സേവനങ്ങള്‍ ഒരുക്കി പ്രതിരോധത്തില്‍ പങ്കാളികളായി. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ബുദ്ധിമുട്ട് നേരിടാത്തവിധം സംവിധാനങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സിയും. ഓട്ടോറിക്ഷാ- ടാക്‌സി സര്‍വീസുകളും അടിയന്തര സഹായത്തിന് ലഭ്യമാക്കിയിരുന്നു.