എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച അതിഥി കൺട്രോൾ റൂമിന് മികച്ച പ്രതികരണം. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോൾ പ്രതിദിനം നൂറോളം ഫോൺ കോളുകളാണ് കൺട്രോൾ റൂമിലേക്ക് എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അതിഥി തൊഴിലാളികൾക്കിടയിൽ എത്തിക്കുന്നതിനും വ്യാജ പ്രാചാരണങ്ങളെ പ്രതിരോധിക്കുന്നതിനും കൺട്രോൾ റൂമിന് സാധിക്കുന്നുണ്ട്.
കോവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുവാനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിനുമായാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ആസാമീസ്, ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളിൽ ആശയ വിനിമയം നടത്താം.
അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെയും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെയാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. അതിഥി തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാം. കൺട്രോൾ റൂം നമ്പറുകൾ: 9072303275, 9072303276, 90372 20187.