ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചതിന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇടുക്കി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ തീരുമാനങ്ങളെടുക്കുന്നതിനും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, തുടങ്ങി വിവിധ വകുപ്പ്തല മേധാവികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ആശുപത്രികളില്‍ ഐസിയു ബെഡ്, വെന്റിലേറ്റര്‍ തുടങ്ങി കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഞ്ചു താലൂക്കുകളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടാതെ ഡിസിസികളും ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിക്കുക. ഇവര്‍ക്ക് മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉണ്ടായിരിക്കില്ല. ഭക്ഷണവും അവശ്യ വസ്തുക്കളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്കും. മൂന്നാര്‍, മുട്ടം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഡിസിസികള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വോട്ടെണ്ണല്‍ ദിനം

വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2ന് കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

ആര്‍ടിപിസിആര്‍ കോവിഡ് പരിശോധന 29 ന്

വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ടവരുടെ കോവിഡ് പരിശോധന ജില്ലയിലെ അതത് താലൂക്കാശുപത്രികളിലും ഇടുക്കി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി തൊടുപുഴ എന്നിവിടങ്ങളിലും വ്യാഴാഴ്ച നടത്തുമെന്നും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും ഡിഎംഒ അറിയിച്ചു. സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തവര്‍ ടെസ്റ്റ് എടുക്കേണ്ടതില്ല. കൗണ്ടിംഗ് ദിവസം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. മറ്റുള്ളവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.

വാക്‌സിനേഷന്‍, പരിശോധന

ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷനുള്ള സൗകര്യം ഏര്‍പ്പാടാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന- സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം ഈ കാര്യത്തില്‍ ഉറപ്പാക്കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കോളനികളില്‍ എല്ലാം പോയി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ സ്ഥിരം വാക്‌സിനേഷന്‍ സെന്ററുകള്‍ കുറഞ്ഞത് മൂന്നെണ്ണം വീതം ഓരോ താലൂക്കിലും തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തഹസില്‍ദാര്‍മാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. ജില്ലയിലെ ചില ഗ്രാമപഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ വര്‍ദ്ധിച്ചുവരുന്നതിനാല്‍ അത്തരം ഗ്രാമപഞ്ചായത്തുകളിലെ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍കാര്യക്ഷമമായ കോവിഡ് വ്യാപന നിയന്ത്രണം ഉറപ്പാക്കും.

#collectoridukki
#COVID19
#idukkidistrict