കാസർഗോഡ്: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യം മുൻനിർത്തി ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിന് മെയ് ഒന്നിന് ജില്ലയിൽ തുടക്കമാവും. മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, കുടുംബശ്രീ തുടങ്ങിയവയിലെ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക.

ഏഴ് ദിവസങ്ങളിലായി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗൃഹ ശുചീകരണം, പൊതു സ്വകാര്യ സ്ഥലങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കൽ, പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ ശുചീകരണം, പൊതുവഴി ശുചീകരണം, ജലാശയങ്ങളുടെ ശുചീകരണം എന്നിവയാണ് പ്രധാനമായുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, മുൻസിപ്പൽ ചെയർപേഴ്‌സൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.