ഇടുക്കി: വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദ്ദേശിച്ചു. നാളെ മുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി സര്‍ട്ടിഫിക്കറ്റില്ലാത്തവരെ തുടരാന്‍ അനുവദിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ ജോലിയില്‍ തുടരുന്ന ജീവനക്കാരും ചുമതലപ്പെടുത്തുന്ന സ്ഥാപന അധികൃതരും ഒരുപോലെ ഉത്തരവാദിയായിരിക്കും. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം നിയമനടപടി സ്വീകരിക്കും. സാനിറ്റൈസര്‍, സന്ദര്‍ശക ഡയറി, സാമൂഹ്യ അകലം എന്നീ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ പരിശോധന കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

#collectoridukki
#covidtesting
#BreakTheChain