ഇടുക്കി: വീടുകളില്‍ താമസ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികള്‍ക്കായി മുട്ടത്ത് ഡൊമൈസിലറി കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ 150 കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിനായി സജ്ജീകരിച്ചു. കോവിഡ് രോഗികള്‍ക്കായി ആംബുലന്‍സ് സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേകം പരിശീലനം നല്‍കിയ വോളണ്ടിയര്‍മാരെയാണ് ഇവിടെ സേവനത്തിന് നിയോഗിച്ചിട്ടുളളത്. ഭക്ഷണം, ശുചീകരണം എന്നിവ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി.

മുട്ടത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ടാസ്‌ക് ഫോഴ്‌സും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈനും ആരംഭിച്ചു. 9496045096, 9496045097 എന്നീനമ്പറുകളില്‍ കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കു വിളിക്കാം. ആവശ്യമെങ്കില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചിത്രം

മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്ന ഡൊമൈസിലറി കോവിഡ് കെയര്‍ സെന്ററിലെ ജോലികള്‍ പ്രസിഡന്റ് ഷൈജ ജോമോനും സെക്രട്ടറിയും സ്റ്റാഫ് അംഗങ്ങളും വിലയിരുത്തുന്നു