ജപ്തിനടപടികളുടെ ഭാഗമായി ആരെയും വീട്ടില്‍ നിന്നിറക്കിവിടരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുവെച്ച് നല്‍കുമ്പോള്‍ മറ്റുചിലരെ വീട്ടില്‍ നിന്നിറക്കിവിടുന്ന നടപടി ശരിയല്ല എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്  പോര്‍ട്ട് ഓഫീസിന്റെ രണ്ടാം  നിലയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച  കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദസ്ഥാപനങ്ങളായി മാറണം.  ആര്‍ഡിഒ ഓഫീസിന്റെ  പുതിയമന്ദിരം  പുലിക്കുന്നില്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും.  പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം  വിഭജനം വേണ്ട വില്ലേജ് ഓഫീസുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.  കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, എഡിഎം എന്‍ ദേവിദാസ്  എന്നിവരും മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു.  സംസ്ഥാനസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ  ഭാഗമായാണ് പുതിയ റവന്യൂ  ഡിവിഷന്‍ ഉദ്ഘാടനം  ചെയ്തത്.  ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും  കാസര്‍കോട് ആര്‍ഡിഒ ഇ എ അബ്ദുസമദ് നന്ദിയും പറഞ്ഞു.