സംസ്ഥാനത്ത് 205 വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് മാതൃകാ വില്ലേജോഫീസുകളായി മാറ്റിക്കഴിഞ്ഞതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം 150 ഓളം വില്ലേജോഫീസുകള്‍ നവീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1664 വില്ലോജോഫീസുകളിലും ടോയ്‌ലറ്റ്, കുടിവെളളം, ഇരിപ്പിടം തുടങ്ങി എല്ലാ സൗകര്യങ്ങളോടുകൂടി നവീകരിക്കും. മന്ദിരം നവീകരിക്കുന്ന ഓരോ വില്ലേജ് ഓഫീസിനും 44 ലക്ഷം രൂപയും ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പെരിയ മാതൃകാ വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംതൃപ്തമായ സമൂഹത്തില്‍ സംതൃപ്തമായ ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കയില്ലെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. എഡിഎം എന്‍ ദേവിദാസ് സ്വാഗതവും ആര്‍ഡിഒ സി ബിജു നന്ദിയും പറഞ്ഞു.
