കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഇന്ന്(മെയ് 4) മുതല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിപ്പ്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും, കണ്ടയിന്‍മെന്റ് സോണുകളില്‍ നിരീക്ഷണം നിരന്തരം നടത്തും.

അവശ്യ-അടിയന്തര സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ ഓഫീസുകള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല.

ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, വ്യവസായം, തൊഴില്‍ – എക്‌സൈസ്, ഗതാഗതം, വനം, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അനുദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും നിയന്ത്രണം ഉണ്ടാകില്ല; ഡ്യൂട്ടി ഉത്തരവ് കരുതണം എന്ന് മാത്രം.

അടിയന്തര-അവശ്യമേഖലകളിലുളളതും 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുമായ എല്ലാ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. യാത്രാനുമതി സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുളളതുമായ ടെലികോം, ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കളുടെ ജീവനക്കാര്‍ക്കും അടിയന്തര ഐ.ടി സര്‍വ്വീസ് മേഖലയിലുളള ജീവനക്കാര്‍ക്കും എല്‍.പി.ജി, പെട്രോനെറ്റ് കമ്പനി ജീവനക്കാര്‍ക്കും യാത്രകള്‍ അനുവദിക്കും. ഇവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.