ആലപ്പുഴ : കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്ത് ജില്ല കളക്ടർ ഉത്തരവായി.
വിവിധ താലൂക്കുകളിൽ നിന്നായി ഏറ്റെടുത്ത ഓക്സിജൻ സിലിണ്ടറുകൾ മാവേലിക്കര ട്രാവൻകൂർ വർക്സ് ഓക്സിജൻ പ്ലാന്റിൽ എത്തിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

അമ്പലപ്പുഴ, കാർത്തികപള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ സ്ഥാപനങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അതത് താലൂക്കുകളുടെ ചുമതലയുള്ള താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസർ, ഇൻസ്പെക്ടർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവർ നിർവഹിക്കും.
ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനായി നിയോഗിച്ച സംഘത്തിനാവശ്യമായ വാഹനങ്ങൾ നൽകുന്നതിനാണ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെ നിയോഗിച്ചു. ഇവർക്ക് പോലീസ് സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഓക്സിജൻ സിലിണ്ടർ ഏറ്റെടുക്കുന്ന സമയത്ത് തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ബന്ധപ്പെട്ട തഹസിൽദാരെയും ചുമതലപ്പെടുത്തിയാണ് ഉത്തരവ്.