നവകേരളം പ്രദര്‍ശന-വിപണന-മേളയില്‍ വ്യവസായ പരിശീലന വകുപ്പിന്റെ സ്റ്റാളില്‍ ജില്ലയിലെ വിവിധ ഐ.ടി.ഐകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഉപകരണങ്ങളുടെ മോഡലുകള്‍ ശ്രദ്ധേയമായി. വാഹനം ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന സ്‌ക്രൂ ജാക്ക്, എഞ്ചിനകത്തെ വാള്‍വിനെ പ്രവര്‍ത്തിപ്പിക്കുന്ന കാം ഷാഫ്റ്റ്, അഴിക്കാനും മുറുക്കാനും കഴിയുന്ന മള്‍ട്ടി സ്റ്റാര്‍ട്ട് ത്രെഡ്, ലോഹങ്ങളില്‍ തുള ഉണ്ടാക്കാന്‍ ഡ്രില്ലിങ് മെഷീന്‍, മെഷിനില്‍ വച്ച് ചെയ്യുന്ന പണികളുടെ സാമഗ്രികള്‍ ഉറപ്പിക്കാന്‍ മെഷീന്‍ വൈസ്, പൈപ്പ് ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് വൈസ് എന്നിവ നിര്‍മിച്ചത് ടര്‍ണര്‍ വിഭാഗം വിദ്യാര്‍ഥികളാണ്. കൂടാതെ, കാര്‍പെന്റെറി വിദ്യാര്‍ഥികളുടെ കസേര, ടേബിള്‍, ടീപ്പോയ്, ഷീറ്റ് മെറ്റല്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഷീറ്റ് മെറ്റല്‍ കപ്പല്‍ മാതൃക, വനിതാ ഐ.ടി.ഐ. ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍, മെഷിനിസ്റ്റ് വിദ്യാര്‍ഥികള്‍ ഒരുക്കിയ കട്ടിങ്ങ് ഉപകരണങ്ങളായ മില്ലിങ്ങ് കട്ടര്‍, ഹോള്‍ വലുതാക്കാന്‍ ഉപയോഗിക്കുന്ന റീമെര്‍, വാഹനങ്ങളുടെ വിവിധ തരത്തിലുള്ള ഗിയറുകള്‍, ഒട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ വാഹനങ്ങളുടെ വിവിധ ഭാഗങ്ങള്‍ അഴിച്ചുപണിയുന്ന മാതൃകയെല്ലാം സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.