കോഴിക്കോട്:    കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗ ചികിത്സക്കായി ബെഡുകൾ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്സാപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്.

കുടുംബത്തിൽ ആർക്കെങ്കിലും ഓക്സിജൻ വേണമെങ്കിൽ ഡോക്റ്ററുടെ സർട്ടിഫിക്കറ്റും എടുക്കാൻ ചെല്ലുന്ന വ്യക്തിയുടെ തിരിച്ചറിയൽ കോപ്പിയും നൽകിയാൽ 4000 ഡെപ്പോസിറ്റിൽ ഓക്സിജൻ കിട്ടുമെന്നും സിലിണ്ടർ തിരികെ കൊടുക്കുമ്പോൾ അടച്ച തുക തിരികെ ലഭിക്കുമെന്നുള്ള തെറ്റായ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ പൊലീസിന് നിർദ്ദേശം നൽകി.

ജില്ലയിൽ നിലവിൽ ബെഡ്ഡുകളുടെ ക്ഷാമമില്ല. ഒഴിവുള്ള ബെഡ്ഡുകളുടെ എണ്ണം കോവിഡ് ജാഗ്രത പോർട്ടലിൽ കാണാൻ സാധിക്കും. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ഇതേ വരെ ഒരു ആശുപത്രിയിലും ക്ഷാമമുണ്ടായിട്ടില്ല. ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും കലക്ടർ പറഞ്ഞു.