ഇടുക്കി: ജില്ലയില്‍ കോവിഡ് രോഗം വര്‍ധിച്ചുവരുന്നതിനാല്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനു എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. രോഗവ്യാപനം കുറയ്ക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എല്ലാവരും ഇരട്ടമാസ്‌കുകളോ എന്‍ 95 മാസ്‌കുകളോ ധരിക്കണം. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

ഇടുക്കി ഒരുപാട് പരിമിതികളുള്ള ജില്ലയാണ്. അതിനാല്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കരുതണം. നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ജനങ്ങള്‍ വളരെ കാര്യമായി സഹകരിക്കുന്നുണ്ട്. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചു നടത്താം.

ഇപ്പോള്‍ ഏലതോട്ടങ്ങളില്‍ കാലവര്‍ഷത്തിനു മുന്നോടിയായി വളം, കീടനാശിനി പ്രയോഗങ്ങള്‍ നടത്തിവരുന്നുണ്ട്. അതിനാല്‍ കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് വളം- കീടനാശിനി കടകള്‍ ഒരു നിശ്ചിത സമയം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് അന്തിമതീരുമാനം ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതുപോലെ നിര്‍മാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വില്ക്കുന്ന കടകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.