കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണിന്റെ ഭാഗമായി സാമ്പിള്‍ പരിശോധന കുറയാതിരിക്കാന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ദിവസവും പരിശോധന നടത്തുന്നതിന് ഡി. എം. ഒ നിര്‍ദ്ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 മുകളിലുള്ള പഞ്ചായത്തുകളിലും കണ്ടയിന്‍മെന്റ് സോണുകളിലും മൊബൈല്‍ ടീമുകളും സജ്ജമായി. ശനിയാഴ്ച (മെയ് 8) മുതല്‍ ടി.പി.ആര്‍ 15 നു മുകളിലുള്ള പഞ്ചായത്തുകളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ സാമ്പിള്‍ ശേഖരണം നടത്തും. ഇതിനായി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കളക്ഷന്‍ പോയിന്റുകള്‍ നിശ്ചയിക്കും.

മുന്‍കൂട്ടി അറിയിച്ച പ്രകാരം സമ്പര്‍ക്ക പട്ടികയിലുള്ളവരും പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും പരിശോധനയ്ക്കായി എത്തണം. യാത്രകള്‍ അനുവദനീയമല്ലാത്ത കണ്ടെയ്ന്‍മെന്റ് സോണുകളിലും മൊബൈല്‍ ലാബിന്റെ സേവനം ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചായത്ത്-പൊലീസ് സഹകരണം ഉറപ്പാക്കും. പട്ടിക പൊലീസിന് കൈമാറും. പൊതുജനങ്ങള്‍ ഇരട്ട മാസ്‌ക്കുകള്‍ ധരിക്കണം. സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. സാമൂഹിക അകലം പാലിക്കല്‍ തുടരണം. പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുമ്പോഴും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
പേരയം,തൊടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കെ.എസ്.പുരം കുടുംബാരോഗ്യ കേന്ദ്രത്തിലും നാളെ (മെയ് 8) പരിശോധനകള്‍ നടത്തും.