ആലപ്പുഴ: നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച വിതരണ ശൃംഖലയായ ‘ഒപ്പം ഈസി ഷോപ്പി’യുടെ ഉദ്ഘാടനം നിയുക്ത എം എൽ എ പി. പ്രസാദ് നിർവഹിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ
കോവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ക്വാറന്റയിനിൽ കഴിയുന്ന കുടുംബങ്ങൾക്ക്
സാധനങ്ങൾ എത്തിക്കുന്ന സൗജന്യ സേവനമാണ് ഒപ്പം ഈസി ഷോപ്പി. മറ്റു കുടുംബങ്ങളിലേയ്ക്ക് മിതമായ സേവനചാർജും ഈടാക്കും. പഞ്ചായത്ത്‌ ഹെൽപ് ഡെസ്കിൽ വിളിച്ചാൽ ആവശ്യമുള്ള ഏതു സാധനവും വീട്ടിൽ എത്തിച്ചു നൽകും.

പദ്ധതിയുടെ ഭാഗമായിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് പ്രത്യക യൂണിഫോമും തിരിച്ചറിയൽ കാർഡും പഞ്ചായത്ത് നൽകിയിട്ടുണ്ട്. 12 യുവ സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി തിരഞ്ഞെടുതിട്ടുള്ളത്.
സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എം ഡി സുധാകരൻ ചെയർമാനും കെ.കെ. പ്രതാപൻ കൺവീനറും ഫെയ്സി.വി ഏറനാട് കോർഡിനേറ്ററുമായുള്ള സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഗീത കാർത്തികേയൻ അധ്യക്ഷയായി . വൈസ് പ്രസിഡന്റ്‌ എം സന്തോഷ്‌ കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.