കൂടുതൽ ഡോക്ടർമാരെയും, പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിട്ടയർ ചെയ്ത ഡോക്ടർമാരെയും ലീവ് കഴിഞ്ഞ ഡോക്ടർമാരെയും ഇത്തരത്തിൽ ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും.

ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യാനുസരണം താൽക്കാലികമായി നിയമിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം. സി എഫ് എൽ റ്റിസികൾ, സി.എൽ.ടി.സികൾ ഡിസിസികൾ എന്നിവ ഇല്ലാത്തിടത്ത് ഉടനെ സ്ഥാപിക്കണം. വാർഡ് തല സമിതികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി എടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും.

സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടും. ഓക്‌സിജൻ വേസ്റ്റേജ് കുറക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരും എന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. അത് പരിശോധിക്കുന്നതാണ്. എല്ലാ ജില്ലകളിലും ടെക്ക്നിക്കൽ ടീം ഇത് പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്.

മത്സ്യ ലേലത്തിന്റെ കാര്യത്തിൽ ആൾക്കൂട്ടം ഇല്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും.
റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് ഗുണകരമാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.