സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കോവിഷീൽഡ് വാക്സിനിൽ 3 .5 ലക്ഷം ഡോസ് വാക്സിനുകൾ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന വാർഡ്തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സേന വളണ്ടിയർമാർ, തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക.

കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത 161 പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് വകുപ്പുകളോട് നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് പണം ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും.

ലോക്ക് ഡൌൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ വേഗത്തിൽ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും.

അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവർക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കും.
അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനത്തിൽ 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തും. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി.

അടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.ഒന്നാമത്തെ ലോക്ഡൗൺ പ്രിവന്റീവ് ലോക്ക്ഡൗൺ ആയിരുന്നു. ഇപ്പോൾ നടപ്പിലാക്കുന്നത് എമർജൻസി ലോക്ഡൗൺ ആണ്. രോഗബാധഇവിടെത്തന്നെയുള്ള സമ്പർക്കം മൂലമാണിപ്പോൾ കൂടുതലായി ഉണ്ടാകുന്നത്.

പ്രധാനമായും മരണങ്ങൾ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണ് എന്നത് മറക്കാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.