ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വിവിധ ഗ്രാമപഞ്ചായത്തുകൾ. ഏറ്റവും അവസാനത്തെ വരാന്ത്യ കണക്ക് അനുസരിച്ച് (മെയ് ഒന്നു മുതൽ ഏഴുവരെ) ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് പെരുമ്പളം ഗ്രാമപഞ്ചായത്തിലാണ്. 54.72 ശതമാനമാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ഒരു ആഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എഴുപുന്ന (42.59), പുന്നപ്ര വടക്ക്(42.52) എന്നീ ഗ്രാമപഞ്ചായത്തുകളിൽ 40 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 265 പേരെ പരിശോധിച്ചപ്പോൾ 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലേക്ക് ഉയർന്നത്. എഴുപുന്നയിൽ 911 പേരെ പരിശോധിച്ചപ്പോൾ 388പേർക്കും, പുന്നപ്ര വടക്ക് പഞ്ചായത്തിൽ 428 പേരെ പരിശോധിച്ചപ്പോൾ 182 പേർക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 30ന് മുകളിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള 31 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ തന്നെ 10 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. ജില്ലയിൽ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളുടെ കണക്ക് എടുത്താൽ വിയപുരം, തൃക്കുന്നപ്പുഴ, മുളക്കുഴ, അമ്പലപ്പുഴ വടക്ക്, പുലിയൂർ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇരുപത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
