ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നല്കിയ രണ്ട് കോടി രൂപയുടെ പ്രതിരോധ സാമഗ്രികളുടെ ജില്ലാതല വിതരണം നിയുക്ത എം.എൽ.എ. എച്ച്. സലാം അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആദ്യഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് അടക്കമുള്ള സാധനങ്ങൾ വാങ്ങി നല്കുന്നതിനാണ് ഉപയോഗിക്കുന്നത്.
ജില്ലയിലെ സി.എഫ്.എൽ.റ്റി.സി കൾ, ജില്ലാ ആശുപത്രികൾ, കമ്യൂണിറ്റി – പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കാണ് ഇവ നൽകുക.
അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ
നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി. പ്രിയ ടീച്ചർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഞ്ജു, റ്റി.എസ്. താഹ, അഡ്വ.ആർ. റിയാസ്, ഗീതാ ബാബു, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഷീബ, പഞ്ചായത്ത് പ്രസിഡൻറ് കവിത, മെഡിക്കൽ ഓഫീസർ കരോൾ എന്നിവർ പങ്കെടുത്തു.