വാക്സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തും. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള പതിനഞ്ച് ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഗ്രാമപഞ്ചായത്തധികൃതര്‍ തുക മന്ത്രി എം എം മണിക്ക് കൈമാറി.

വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനിടയിലാണ് പഞ്ചായത്ത് വാക്സിന്‍ ചലഞ്ചിലും പങ്കാളിത്തം വഹിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു, വൈസ് പ്രസിഡന്റ് കെ ബി ജോണ്‍സന്‍, കെ ആര്‍ ജയന്‍, എ എന്‍ സജികുമാര്‍, അഖില്‍ എസ്, റോയി പാലക്കന്‍, ഷിബി എല്‍ദോസ് തുടങ്ങിയവര്‍ തുക കൈമാറുവാന്‍ എത്തിയിരുന്നു. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, കൊന്നത്തടി പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് കഴിഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്തും വാക്സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.