ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ കോവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകർച്ച വ്യാധികളുടെയും സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മൂക്കും വായും മൂടുന്നവിധം എല്ലാവരും മാസ്‌ക് കർശനമായും ധരിക്കണം. തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ, സംസാരിക്കുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലൊന്നും മാസ്‌ക് താഴ്ത്തി വയ്ക്കരുത്. നനഞ്ഞ മാസ്‌ക് ധരിക്കരുത്. 6 മണിക്കൂർ കൂടുമ്പോൾ മാസ്‌ക് മാറ്റി ധരിക്കേണ്ടതാണ്. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയാതെ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് നിക്ഷേപിക്കുക. സാമൂഹിക അകലം സാധ്യമായ വിധം പാലിക്കുക, കൂട്ടം കൂടാതിരിക്കുക, ചപ്പുചവറുകൾ വലിച്ചെറിയാതെ പ്രത്യേകം മാറ്റി സൂക്ഷിക്കുക, പ്ലാസ്റ്റിക്, കവറുകൾ, പേപ്പറുകൾ തുടങ്ങിയവ കത്തിക്കരുത്, പകരം ശേഖരിച്ച് നനയാതെ സൂക്ഷിച്ച് വയ്ക്കുകഎന്നിവ പ്രത്യേകം ശ്രദ്ധിക്കണം. തുറന്നു വച്ചിരിക്കുന്നതും പഴകിയതുമായ ആഹാര പാനീയങ്ങൾ ഉപയോഗിക്കരുത്. ആഹാര അവശിഷ്ടങ്ങൾ സുരക്ഷിതമായി സംസ്‌ക്കരിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപ് സോപ്പുപയോഗിച്ച് കൈകൾ കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. വ്യക്തി, പരിസര,സാമൂഹിക ശുചിത്വം കർശനമായും പാലിക്കുക. ആളുകൾ താമസിക്കുന്നതിനൊപ്പം വളർത്തു മൃഗങ്ങളെയോ, പക്ഷികളെയോ ഇടപഴകാൻ അനുവദിക്കരുത്.