ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം.
ജില്ലയിൽ 19 വീട് പൂർണമായി നശിച്ചു. 423 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.
കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടം. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്.
കുട്ടനാട്ടിൽ നാല് വീട് പൂർണമായും നശിച്ചു. 45 വീടുകൾ ഭാഗികമായി നശിച്ചു. കാർത്തികപ്പള്ളിയിൽ 51 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ വിവിധ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമായി 10 വീടുകൾ പൂർണമായും തകർന്നു. 300 വീടുകൾ ഭാഗികമായും നശിച്ചു.
ചേർത്തല താലൂക്കിൽ അർത്തുങ്കൽ, തൈക്കാട്ടുശ്ശേരി, തുറവൂർ തെക്ക്, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിലായി മരം വീടുകൾക്കു മുകളിൽ വീണ് 23 വീടുകൾ ഭാഗികമായി തകർന്നു. ഒറ്റമശ്ശേരിയിൽ കടലാക്രമണത്തിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു.
മാവേലിക്കരയിൽ 12 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചെങ്ങന്നൂർ താലൂക്കിൽ ഏഴ് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു.