ഇടുക്കി : മലങ്കര അണക്കെട്ടിൻ്റെ ആറ് ഷട്ടറുകളും ഞായറാഴ്ച രാവിലെ 6 മണിക്ക് തുറന്ന് വിടും. നിലവിൽ 3 ഷട്ടറുകൾ 80 സെൻ്റീ മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് ബാക്കി മൂന്ന് ഷട്ടറുകൾ കൂടി 50 സെൻ്റീ മീറ്റർ വീതം ഞായറാഴ്ച്ച മുതൽ തുറക്കുക.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലാശയത്തിൽ വെള്ളത്തിൻ്റെ അളവ് ക്രമാതീതമായി കൂടിയാൽ എല്ലാ ഷട്ടറുകൾ വഴിയും തുറന്ന് വിടുന്ന വെള്ളത്തിൻ്റെ അളവ് ഒരു മീറ്റർ ആക്കി ഉയർത്തും.

ആറ് ഷട്ടറുകളും തുറക്കുന്നതോടെ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 41.28 മീറ്ററാണ്. അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.