ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് സംസ്ഥാന പാതകളിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.ആർ. സുമേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ വർക്ക് ഷോപ്പുകളുമായി സഹകരിച്ചാണീ പ്രവർത്തനം. 24 മണിക്കൂറും സേവനം ലഭ്യമാകുന്നതിനായി ജില്ലയിൽ ആറ് സ്‌ക്വാഡുകളാണ് നിരത്തിൽ ഉണ്ടാവുക. വാഹനങ്ങൾക്കുണ്ടാകുന്ന യന്ത്ര തകരാറുകൾ പരിഹരിക്കുന്നതിനായി എല്ലാ താലുക്കുകളിലും ബ്രേക്ക്ഡൗൺ സർവ്വീസ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളത്ത് നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് വളരെ അടിയന്തിരമായി ഓക്‌സിജൻ സിലിണ്ടറുമായി എത്തിയ വാഹനം കളർകോട് ഭാഗത്ത് ഇലക്ട്രിക്കൽ തകരാറ് കാരണം സർവ്വീസ് നിർത്തിയ സാഹചര്യത്തിൽ എൻഫോഴ്‌മെന്റ് എ.എം.വി.ഐ. ശ്രീജി നമ്പൂതിരിയുടെ നേതൃത്തത്തിലുള്ള സ്‌ക്വാഡാണ് ഉടൻ സ്ഥലത്തെത്തി വാഹനത്തിന്റെ തകരാർ പരിഹരിച്ച് ഓക്‌സിജൻ സിലിണ്ടറുകൾ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ആർ.ടി.ഒ. സജീ പ്രസാദിന്റെ നേതൃത്തത്തിൽ ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് 24 മണിക്കൂറും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജൻ ടാങ്കറുകളുടെ സുഗമമായതും അപകടരഹിതവുമായ യാത്രകൾക്ക് 24 മണിക്കൂറും സേവന സന്നദ്ധരായി ഉദ്യോഗസ്ഥർ നിരത്തിലുണ്ട്.
ബ്രേക്ക്ഡൗൺ സർവ്വീസുകൾക്ക് സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ: 9188961084, 9188961604, 9188961240.