ആലപ്പുഴ: കോവിഡ് വാക്‌സിനേഷനായി 18-44 വയസിനിടയിലുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ അനുബന്ധ രോഗങ്ങളുള്ളവർക്ക് മുൻഗണനയുള്ളതിനാൽ ഇവർ ശരിയായ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

വാക്‌സിൻ ലഭിക്കുന്നതിനായി www.cowin.gov.in എന്ന വെബ് സൈറ്റിൽ വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പരും നല്കി രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കു 14 അക്ക റഫറൻസ് നമ്പർ സൂക്ഷിച്ചുവയ്ക്കുക. ഇതേ നമ്പർ നിങ്ങൾക്ക് എസ്.എം.എസ്. ആയും ലഭിക്കും. ഒരു മൊബൈൽ നമ്പരിൽ നിന്നു നാലു പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും.

രജിസ്‌ട്രേഷന് സമർപ്പിച്ച തിരിച്ചറിയൽ രേഖ വാക്‌സിനേഷൻ കേന്ദ്രത്തിൽ പരിശോധിക്കുന്നതിന് നൽകണം.ആദ്യ ഘട്ടത്തിൽ 18-44 വയസിനുമിടയിൽഅനുബന്ധരോഗങ്ങളുള്ളവർക്കാണ് മുൻഗണന. അനുബന്ധ രോഗങ്ങൾ പട്ടികയായി നൽകപ്പെട്ടിട്ടുണ്ട്.

മുൻഗണന ലഭിക്കാൻ അർഹതയുള്ളവർ https://covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ കയറുക. അവിടെ കാണു കോമോർബിഡിറ്റി ഫോം എന്ന ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അനക്‌സർ 1 (ആ) ഫോം ഡൗലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. ഈ ഫോം രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറെ കൊണ്ട് രോഗ വിവരം രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി സീൽ പതിപ്പിച്ച് വാങ്ങുക. https://covid19.kerala.gov.in/vaccine എന്ന സൈറ്റിൽ കയറി മൊബൈൽ നമ്പർ (രജിസ്റ്റർ ചെയ്യാൻ നല്കിയ) നല്കുക. ലഭിക്കുന്ന ഒ.ടി.പി. ടൈപ്പ് ചെയ്യുക. പേജിൽ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുക. രോഗവിവരം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ‘ചൂസ് ഫയൽ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക. www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭ്യമായ 14 അക്ക റഫറൻസ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കുക.

നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്ത ചികിത്സാ രേഖകൾ പരിഗണിക്കില്ല. നല്കിയ വിവരങ്ങൾ ജില്ലാ തലത്തിൽ പരിശോധിച്ചതിനു ശേഷം രോഗാവസ്ഥയുടെ മുൻഗണനയും വാക്‌സിന്റെ ലഭ്യതയുമനുസരിച്ച് വാക്‌സിനേഷൻ ലഭിക്കുന്ന സ്ഥലവും തീയതിയും സമയവും എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. തിരിച്ചറിയൽ രേഖയും അനുബന്ധ രോഗ സർട്ടിഫിക്കേറ്റും വാക്‌സിനേഷന് പോകുമ്പോൾ കൈയിൽ കരുതണം.