വിജയശ്രീ പദ്ധതിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തിനോടനുബന്ധമായി നിര്‍മ്മിച്ച വനിത വിശ്രമകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യവും ടോയ്‌ലറ്റുകളും പുതിയ കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. 2018- 19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനമാണ് ബ്ലോക്കില്‍ നടന്നത്. വനിത വിശ്രമകേന്ദ്രത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുളള കൗണ്‍സിലിംഗ് സംവിധാനവും ലഭ്യമാണ്. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് വിധേയരായ കൗമാരക്കാരായ കുട്ടികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി വക്കീലിന്റെ സേവനം ഏതു സമയത്തും വനിത വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് ലഭ്യമാക്കും. വിജയശ്രീ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന് ഒന്‍പത് ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. 2.75 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ റോയിസ് ജോണ്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോയ്‌സി ജോസഫ് , പഞ്ചായത്തംഗങ്ങളായ ബെറ്റി ടോജോ ,എം ബാബു, ബി.ഡി.ഒ അപ്പുക്കുട്ടന്‍, ജി ഒ അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
