പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ചികിത്സയ്ക്കായി കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ അഗളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. അഗളിയിലെ പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റൽ , ഭൂതിവഴി ഹോസ്റ്റൽ എന്നിവ സി.എഫ്.എൽ.ടി.സി.യായും , മുക്കാലി എം. ആർ.എസ്. ഡൊമിസിലറി കെയർ സെന്ററായും (ഡി.സി.സി) സജ്ജമാക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്.
നിലവിൽ അഗളി സി.എച്ച്.സി. കോവിഡ് ആശുപത്രിയായും, അഗളി കിലയിൽ ഒരു ഡൊമിസിലറി കെയർ സെന്ററും ഷോളയൂർ പ്രീ-മെട്രിക് ഹോസ്റ്റലിൽ ഒരു സി. എഫ്. എൽ. റ്റി. സിയും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നാല് വെന്റിലേറ്ററുകളും ഒമ്പത് ഐ.സി.യു ബെഡുകളും സജ്ജമാണ്. കൂടാതെ ഊരുകൾ കേന്ദ്രീകരിച്ച് കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ ശക്തിപ്പെടുത്തി വരും ദിവസങ്ങളി കൂടുതൽ പേരിലേയ്ക്ക് വാക്സിൻ എത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആവശ്യമായ ഓക്സിജൻ സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള ചികിത്സ സംവിധാനങ്ങൾ അട്ടപ്പാടിയിൽ തന്നെ ഒരുക്കി കോവിഡ് ചികിത്സ ഉറപ്പു വരുത്തും. ഇതിനു തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കാനും നിലവിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ദ്രുത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ, അഗളി എ.എസ്. പി.പദം സിംഗ് , ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ വി.കെ.സുരേഷ് കുമാർ , അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് ജോസ് തോംസൺ, ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.