പതിനൊന്നാം നമ്പർ സ്റ്റേറ്റ് കാർ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോൾ സ്വീകരിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും അവിടെ കാത്തുനിന്നിരുന്നു. കാറിൽ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർക്കും സഹപാഠികളും സമര സഖാക്കളുമായിരുന്ന ജയരാമനും സതീശനുമൊപ്പം വീടിനകത്തേക്ക് രാജീവ്. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളത്തെത്തിയ പി. രാജീവിന്റെ ആദ്യയാത്ര അമ്മയെ കാണാനായിരുന്നു.

മകനെ ചേർത്ത് പിടിച്ച്, മധുരം പങ്കിട്ട് അമ്മയുടെ സന്തോഷം. അയൽക്കാരനായ വ്യവസായ മന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാരിൽ ഏതാനും പേരുമെത്തി. സി.പി.എം മാള ഏരിയാ സെക്രട്ടറി പി.കെ സന്തോഷ്, ലോക്കൽ സെക്രട്ടറി പ്രവീൺ, പഞ്ചായത്ത് പ്രസിഡന്റ് വിനോദ് എന്നിവരും വീട്ടിൽ എത്തിയിരുന്നു. രാവിലെ 8.30 യോടെ വീട്ടിലെത്തിയ രാജീവ് അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രാതലും അമ്മയ്ക്കൊപ്പം. ഗുരുതുല്യരായ സാംസ്കാരിക നേതാക്കളേയും എഴുത്തുകാരേയും സന്ദർശിച്ചും ഔദ്യോഗിക യോഗങ്ങളുമായും തിരക്കേറിയതായിരുന്നു മന്ത്രിയായ ശേഷമുള്ള രാജീവിന്റെ ആദ്യ ഞായർ.

മേലഡൂരിൽ നിന്ന് വീണ്ടും എറണാകുളത്തേക്ക്. സ്വന്തം പ്രവർത്തനകേന്ദ്രവും മണ്ഡലവുമായ കളമശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി ഹ്രസ്വ ചർച്ച. അവിടെ നിന്ന് കളമശേരിയിലെ മെഡിക്കൽ കോളേജിലേക്ക്.
മെഡിക്കൽ കോളേജിന് ഹിൻഡാൽകൊ നൽകിയ 25 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറുന്ന ചടങ്ങ്.

തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ആധുനിക ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ്  മെഡിക്കൽ കോളേജിന് കൈമാറിയത്. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് സീനിയർ പ്രസിഡണ്ട് ബി അരുൺമാറിൽ നിന്ന്  കോൺസെൻട്രേറ്ററുകൾ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ്. സുഹാസ്, ഏലൂർ നഗരസഭാ ചെയർമാർ എ.ഡി. സുജിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് എന്നിവരും പങ്കെടുത്തു.

തുടർന്ന് കളമശ്ശേരി നഗരസഭയുടെ റാപ്പിഡ്‌ ആന്റിജൻ പരിശോധനാ കേന്ദ്രം ഉദ്ഘാടനം. നഗരസഭാ ചെയർ പേഴ്സൺ സീമാ കണ്ണനും പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ തല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ മാധ്യമങ്ങളേയും കണ്ടു. വിദ്യാർത്ഥി ജീവിതകാലം മുതൽ പൊതുജീവിതത്തിന്റെ ഭാഗമാവുകയും വാത്സല്യം ചൊരിയുകയും ചെയ്ത ഡോ.എം.ലീലാവതിയേയും പ്രൊഫ.എം.കെ സാനുവിനേയും രാജീവ് വീട്ടിലെത്തി സന്ദർശിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ജയിക്കണമെന്ന ആശംയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പങ്കിച്ചേച്ചി എന്ന കടേപ്പള്ളി സ്വദേശി പങ്കജാക്ഷി, സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കെ. എം സുധാകരൻ എന്നിവരേയും രാജീവ് സന്ദർശിച്ചു. വൈകിട്ടോടെ ആദ്യ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു.