കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ആശയം പ്രായോഗികമാക്കുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിത ഗ്രൂപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്‍ ഗാര്‍ഹിക പച്ചക്കറി ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഇത് വര്‍ധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന് കീഴിലുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.