കുളത്തൂപ്പുഴ മത്സ്യവിത്തുത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു 
മത്സ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുളത്തൂപ്പുഴ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാധ്യമായ എല്ലായിടത്തും മത്സ്യോത്പാദനം നടത്തുന്നതിന്റെ ഭാഗമായാണ് sX·e അണക്കെട്ടിലെയും സാധ്യത പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതുവഴി ആദിവാസികള്‍ക്ക് തൊഴിലും വരുമാനവും നല്‍കാനാകും. കുളത്തൂപ്പുഴ ഹാച്ചറിയില്‍ ഉദ്പാദിപ്പിക്കുന്ന മത്സ്യവിത്താകും അണക്കെട്ടില്‍ ലഭ്യമാക്കുക.
മൂന്ന് വര്‍ഷം കൊണ്ട് ഗുണനിലവാരമുള്ള 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കുളത്തൂപ്പുഴ ഹാച്ചറിയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാകും. ഉത്പാദന വര്‍ധനവിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
ആഭ്യന്തര ഉത്പാദനത്തില്‍ കേന്ദ്രീകരിച്ച് കശുവണ്ടി മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ ശ്രമം നടത്തും. കുളത്തൂപ്പുഴയില്‍ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് കശുമാവ് കൃഷി വ്യാപനം ഉറപ്പാക്കും. തുടക്കംകുറിച്ച പദ്ധതികളെല്ലാം സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കടലാക്രമണത്തില്‍ ദുരിതം നേരിടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വീട് പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കാനാണ് തീരുമാനം. ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. ലൈലാബീവി, റെജി ഉമ്മന്‍, ജി. സിന്ധു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മത്സ്യ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.