സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഇപ്പോഴുള്ളതിന്റെ ഇരട്ടി കുട്ടികളെത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ        പറഞ്ഞു. പനയം പണയില്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവന്റെ മക്കള്‍ക്ക് മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുകയാണ്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലേക്ക് രണ്ടു ലക്ഷത്തോളം കുട്ടികള്‍ പുതിയതായി എത്തിയതു തന്നെയാണ് ഇതിനു തെളിവ്. മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകള്‍ മാറ്റിയെടുക്കുന്നതിനൊപ്പം ഓരോ കുട്ടിയേയും മികവുള്ളവരാക്കി തീര്‍ക്കാനുള്ള പ്രവര്‍ത്തനവും നടക്കുകയാണ്. പരിസര മലിനീകരണത്തിനും ലഹരി ഉപയോഗത്തിനുമെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന തലമുറയെയാണ് പൊതുവിദ്യാലയങ്ങളിലൂടെ പാകപ്പെടുത്തിയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. സര്‍ക്കാര്‍ നടത്തുന്ന ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി എല്ലാ വിദ്യാലയങ്ങളും ആധുനിക സൗകര്യങ്ങളിലേക്ക് മാറുകയാണെന്നും പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ചു വരവ് ഏറെ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ    പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍,  ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്      പ്രസിഡന്റ് സി. സന്തോഷ്, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷീല, ജില്ലാ   പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. ശ്രീകല, സ്‌കൂള്‍ പ്രഥമാധ്യാപിക ആഷാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും ഹൈടെക് ക്ലാസ്മുറികളുടേയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും  എം. മുകേഷ് എം. എല്‍. എ നിര്‍വഹിച്ചു.
പി. ടി. എ. പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍  ബി. ഷൈലജ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി,   അധ്യാപകരായ എസ്. മാത്യൂസ്, എം. പി. ശശിധരന്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ശശിധരന്‍പിള്ള വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.