തിരുവനന്തപുരം: ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ആറു വീടുകള്‍ പൂര്‍ണമായും 113 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മഴക്കെടുതിയെത്തുടര്‍ന്ന് 60 കുടുംബങ്ങളിലെ 201 പേരെ മാറ്റിപ്പാര്‍പ്പിച്ചു. എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
ചിറയിന്‍കീഴ് താലൂക്കില്‍ മൂന്നു ക്യാമ്പുകളിലായി 16 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 12 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. തിരുവനന്തപുരം താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും 24 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ 15 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
കാട്ടാക്കട താലൂക്കില്‍ രണ്ടു കുടുംബങ്ങളിലെ 13 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ മൂന്നു വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ 11 വീടുകള്‍ക്കു കേടുപാടുണ്ടായി.