76.75 ശതമാനം പുസ്‌കങ്ങളും ഇതിനകം സ്‌കൂളുകളിലെത്തി
മലപ്പുറം: പ്രവേശനോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുന്നു. ഒന്ന് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 3751270 പാഠപുസ്തകങ്ങള്‍ ഇതിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയിലെ സഹകരണ സംഘങ്ങള്‍ മുഖേന സ്‌കൂളുകളിലെത്തിച്ചാണ് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. ജില്ലയിലേക്ക് 4888551 പാഠപുസ്തകങ്ങളാണ് ആകെ ആവശ്യം. ഇതില്‍ 3751270 പുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയില്‍ 76.75 ശതമാനം പാഠപുസ്തക വിതരണമാണ് പൂര്‍ത്തിയായത്.
ബാക്കിയുള്ളവ ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെഎസ് കുസുമം പറഞ്ഞു. അതേസമയം ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അടങ്ങിയ കാര്‍ഡുകളും ഇന്ന് ജില്ലയില്‍ എത്തും. അടുത്ത ദിവസങ്ങളിലായി ഇതും വിദ്യാര്‍ത്ഥികളുടെ കൈകളിലേക്കെത്തിക്കും. എറണാകുളത്തെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയ്ക്ക് കീഴിലെ അച്ചടി കേന്ദ്രത്തില്‍ നിന്നാണ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജില്ലയിലേക്കെത്തുന്നത്. മലപ്പുറം എംഎസ്പി സ്‌കൂളിന് സമീപമുള്ള പാഠപുസ്തക ഡിപ്പോയില്‍ നിന്ന് കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ പുസ്തകങ്ങള്‍ തരംതിരിച്ച് സഹകരണ സംഘങ്ങള്‍ക്ക് കൈമാറും.
ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ പുസ്തകങ്ങള്‍ എറണാകുളത്ത് നിന്ന് എത്തിക്കുന്നതിലും ജില്ലയില്‍ വിതരണം ചെയ്യുന്നതിലും പ്രയാസം നേരിട്ടിരുന്നെങ്കിലും ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ പ്രത്യേക അനുമതിയോടെ വിതരണം പുന:രാരംഭിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തിന് സമാനമായി സമയബന്ധിതമായി തന്നെയാണ് ഈ അധ്യയന വര്‍ഷത്തിലും പാഠപുസ്‌കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാപഞ്ചായത്തിന്റെയും വിഹിതം വിനിയോഗിച്ചാണ് പാഠപുസ്തക വിതരണം.
പുസ്തകങ്ങള്‍ക്ക് പുറമെ ഭക്ഷ്യധാന്യകിറ്റ്, യൂനിഫോം, അരി എന്നിവയും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. സെപ്തംബര്‍ മുതലുള്ള ഭക്ഷ്യദദ്രത കിറ്റിന്റെ വിതരണമാണ് ഇപ്പോള്‍ തുടരുന്നത്. നഴ്സറി ക്ലാസുകളില്‍ അഞ്ച് കിലോ, ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലുള്ളവര്‍ക്ക് 15 കിലോ, ആറ് മുതല്‍ എട്ടാം തരം വരെയുള്ളവര്‍ക്ക് 25 കിലോ എന്നീ കണക്കിലാണ് അരി വിതരണം.
പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിൽ നിലവിൽ 691411 വിദ്യാർത്ഥികളാണുള്ളത്. ഒന്നാം ക്ലാസുകളിലേക്ക് 49000 ത്തോളം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശന നടപടികള്‍ തുടരുന്നതിനാല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടും