കേരളത്തിന്റെ ദൃശ്യചരിത്ര പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡിജിറ്റൽ മ്യൂസിയവും ഓൺലൈൻ ലൈബ്രറിയും സ്ഥാപിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇത് വ്യക്തമാക്കിയത്. ദൃശ്യചരിത്ര പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെ തുടർന്ന് വിവിധ വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് ഉള്ളടക്കം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുക. ഇതോടൊപ്പം ചരിത്ര പദ്ധതിയുടെ ഡിജിറ്റൽ റിപ്ലിക്കേഷനും പി. ആർ. ഡി സ്ഥാപിക്കും.

സംസ്ഥാനത്തിന്റെ കല, സംസ്‌കാരം, അരങ്ങ് എന്നിവയുടെ വിവിധ ഭാവങ്ങൾ പ്രദർശിപ്പിക്കുന്നതിനും പഠിക്കുന്നതിനും പങ്കിടുന്നതിനും അനുഭവവേദ്യമാക്കുന്നതിനും മൾട്ടിമീഡിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ഇൻഫോ കൾച്ചറൽ ഹബും സ്ഥാപിക്കും. സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് ശക്തമായ ഇടപെടലുകളും പ്രവർത്തനവും നടത്തുന്നതിനായി സർവസജ്ജമായ ഐ. ഇ. സി വിഭാഗവും വകുപ്പ് സ്ഥാപിക്കും.

ഇന്റഗ്രേറ്റഡ് ന്യൂസ് ഗ്രിഡ് പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുമായി അടുത്തു പ്രവർത്തിക്കുന്നതിന് പരിശീലനം സിദ്ധിച്ച കൂടുതൽ പേരെ വിവരശേഖരണത്തിനും പ്രചാരണത്തിനുമായി നിയോഗിക്കും. പി. ആർ. ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ പ്രവർത്തനവും ഗവർണർ നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. കോവിഡ് 19ന്റെ കാലത്ത് പൊതുജനങ്ങളുമായി ക്രിയാത്മകമായ വിവര കൈമാറ്റം ഉറപ്പുവരുത്തുന്നതിനും സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ പ്രചാരണത്തെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിജയകരമായി എത്തിക്കാനും പി. ആർ. ഡിക്ക് കഴിഞ്ഞതായി ഗവർണർ പറഞ്ഞു.