കൊല്ലം:   രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സി.സി.ജി(സംരക്ഷിത കുടുംബ കൂട്ടായ്മ)കളുടെയും ആര്‍.ആര്‍.ടികളുടയും(റാപിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു.

കോര്‍പ്പറേഷന്‍ പരിധിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് നിര്‍ദേശം.
രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് യോഗത്തിലവതരിപ്പിച്ചു. കോവിഡ് ബാധിച്ച് വീടുകളില്‍ സൗകര്യമില്ലാത്തവരെ ഡി.സി.സികളിലേക്ക് മാറ്റുന്നത് ഊര്‍ജിതമാക്കും. പോസിറ്റീവാകുന്നവരുടെ സ്വകാര്യത സംരക്ഷിച്ച് അവര്‍ക്കാവശ്യമുള്ള ചികിത്സയും പരിചരണവും ഉറപ്പാക്കും.

പെട്രോള്‍ പമ്പ്, എ.ടി.എം. കൗണ്ടര്‍ എന്നിവിടങ്ങളില്‍ മാനദണ്ഡപാലനം ഉറപ്പക്കണമെന്നും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ഹോം ഡെലിവറി നടത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.

പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും നടത്തും, കലക്ടര്‍ വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനുകളില്‍ മാനദണ്ഡപാലനം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും പരിശോധനകള്‍ ഊര്‍ജിതമായി നടത്തുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ അറിയിച്ചു