ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സമൂഹ അടുക്കളയിലേക്ക് സഹായ പ്രവാഹം. വിവിധ സംഘടനകളും നിരവധി വ്യക്തികളും മാര്‍ത്തോമാ അംഗണവാടിയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് സഹായം എത്തിച്ച് കഴിഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് പുറമേ അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

വ്യക്തികള്‍, രാഷ്ട്രീയ – സാമൂഹിക സംഘടകനകള്‍, വിവിധ യുവജന സംഘടനകള്‍, അംഗണവാടി ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വ്വീസ് സംഘടനകള്‍, തൊടുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗ്, അദ്ധ്യാപക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരി, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയടക്കമുള്ള വിഭവങ്ങള്‍ നല്‍കി.

പി.ജെ. ജോസഫ് എം.എല്‍.എ.യുടെ വീട്ടില്‍ നിന്നാണ് സമൂഹ അടുക്കളയിലേക്ക് ദിവസവും സൗജന്യമായി പാല്‍ നല്‍കുന്നത്. ആശാ പ്രവര്‍ത്തകയായ ബിന്ദു അടുക്കകളയിലേക്ക് ആവശ്യമായ ഒരു മിക്സിയും ഇടവെട്ടി ‘പ്രണവം’ ലൈബ്രറിയുടെ പ്രവര്‍ത്തകനായ അനില്‍ ഒരു മിക്സര്‍ ഗ്രൈന്ഡറും സംഭാവന ചെയ്തു. ഇടവെട്ടിയിലെ കൊച്ചു കലാകാരന്‍ കൂടിയായ മാസ്റ്റര്‍ ആസിഫ് ഉമ്മര്‍ വീട്ടില്‍ കൃഷി ചെയ്ത പച്ചക്കറികളും ഇടവെട്ടി മുക്കില്‍ സലീമിന്റെ മകനും മീന്‍മുട്ടി മാര്‍ മാത്യൂസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അമാന്‍ സലീം തന്റെ രണ്ട് വര്‍ഷത്തെ സമ്പാദ്യമായ കുടുക്കയിലെ പണവും സമൂഹ അടുക്കളയിലേക്ക് നല്‍കി.
ബ്രാഹ്‌മിണ്‍സ് ഫുഡ് പ്രൊഡക്ട് കമ്പനി, പ്രൈം റോസ് കറിപ്പൊടി കമ്പനി എന്നിവ അവരുടെ ഉല്‍പ്പന്നങ്ങള്‍ നല്‍കി.
സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിറാജ്, പൊതുപ്രവര്‍ത്തകനായ അബ്രഹാം അടപ്പൂര്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങളായ രമാ രാജന്‍, സുജാ ചന്ദ്രന്‍ എന്നിവര്‍ അരി ഉള്‍പ്പെടെയുള്ളവ അടുക്കളയിലെത്തിച്ച് നല്‍കി.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്കായി തുടങ്ങിയ ഡിസിസി (ഡൊമിസിലറി കെയര്‍ സെന്റര്‍) യിലെ അന്തേവാസികള്‍, ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിത കുടുംബങ്ങളില്‍ കഴിയുന്നവര്‍, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കിടപ്പ് രോഗികള്‍, കോവിഡ് രോഗബാധിതരായി ഹോം ഐസൊലേഷനില്‍ കഴിയുന്ന നിര്‍ദ്ധനര്‍, പാലിയേറ്റീവ് കെയറിലുളളവര്‍ എന്നിവര്‍ക്കാണ് സമൂഹ അടുക്കളയില്‍ നിന്നും സൗജന്യമായി ഭക്ഷണം നല്‍കുന്നത്.

അടുക്കളയില്‍ തയ്യാറാക്കുന്ന ഭക്ഷണ പൊതികള്‍ വാര്‍ഡ് തല ആര്‍ആര്‍ടി അംഗങ്ങള്‍ വീടുകളിലും പഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഡിസിസിയിലും എത്തിച്ച് നല്‍കും. ദിനംപ്രതി നൂറോളം ഭക്ഷണ പൊതികളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. സമൂഹ അടുക്കളയില്‍ നിന്നും ജനകീയ ഹോട്ടല്‍ തലത്തിലേക്ക് ഇതിന്റെ പ്രവര്‍ത്തനം മാറ്റുമ്പോള്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും ഭക്ഷണം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു.

കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാജമ്മ ബാബുവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ലിറ്റി ബിനോയ്, പ്രിയ മനോജ്, അംഗണവാടി ജീവനക്കാര്‍, രണ്ടു സര്‍ക്കാര്‍ ജീവനക്കാരായ പാചകക്കാര്‍ എന്നിവരുള്‍പ്പെട എട്ട് പേരാണ് അടുക്കളയിലെ ജോലിക്കാര്‍.

ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നേരിട്ടാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തന മേല്‍നോട്ടം. ഇതിനായി ഉദ്യോഗസ്ഥനേയും നിയോഗിച്ചിട്ടുണ്ട്.

#edavetti