ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ഥികള്‍

കാസർഗോഡ്: സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ നിന്ന് നുകര്‍ന്ന് കുട്ടികള്‍. പുത്തനുടുപ്പണിഞ്ഞ് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മാറ്റുകുറയാതെ ആദ്യ വിദ്യാലയദിനം നിറമുള്ളതായി. വീട്ടകങ്ങള്‍ അക്ഷരകേന്ദ്രങ്ങളായപ്പോള്‍ ആദ്യ അധ്യയന ദിനത്തിന്റെ ഓര്‍മകള്‍ക്ക് കുട്ടികള്‍ വീട്ടുമുറ്റത്ത് നാട്ടുമാവിന്‍ തൈ നട്ടു. കൂട്ടുകാരെ കിട്ടിയില്ലെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം മധുരം പങ്കിട്ട് പ്രവേശനോത്സവം അവിസ്മരണീയമാക്കി. മരങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ പ്രകൃതിയെ കരുതലോടെ സംരക്ഷിക്കണമെന്ന സന്ദേശമാണ് വിദ്യാലയ പ്രവേശനത്തിന്റെ ആദ്യ ദിനം കുട്ടികള്‍ക്ക് പകര്‍ന്നത്.

മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട്ടെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കിയതും ഓര്‍മമരം നടല്‍ പദ്ധതി തന്നെ. മരം നടലിന്റെ ചിത്രമെടുത്ത് അധ്യാപകര്‍ക്ക് അയച്ചു കൊടുത്തുകൊണ്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം പാലിച്ചു. അടച്ചിടല്‍ കാലത്ത് വീടുകളില്‍ പ്രവേശനോത്സവം നടന്നപ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരിടത്ത് കേന്ദ്രീകരിക്കാന്‍ ഗൂഗിള്‍മീറ്റ്, സൂം, വാട്‌സ്ആപ്പ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി. നേരിലല്ലെങ്കിലും എല്ലാവരെയും കണ്ടുമുട്ടാന്‍ ഈ സംവിധാനം പ്രയോജനപ്പെട്ടു. ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ സന്ദേശം എത്തി. കന്നഡ ഭാഷയിലും സന്ദേശം കൈമാറി. പ്രവേശനോത്സവഗാനവും രണ്ടു ഭാഷകളിലായി കുട്ടികള്‍ക്കരികിലേക്കെത്തി.

രക്ഷിതാക്കളും കുട്ടികളും അധ്യാപകരുമായി പരിചയപ്പെടല്‍, കുട്ടികളുടെ കലാപരിപാടികള്‍, കോവിഡ് കാല അനുഭവങ്ങള്‍ പറയല്‍, മുതിര്‍ന്ന കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും ഓണ്‍ലൈന്‍ വഴി പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. സംസ്ഥാനതല പ്രവേശനോത്സവം കൈറ്റ്‌വിക്‌ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ഉപജില്ലാതല/സ്‌കൂള്‍ തല ഉദ്ഘാടനത്തിനുശേഷം ഗൂഗിള്‍മീറ്റ്, സൂം, വാട്‌സ്ആപ്പ് സംവിധാനങ്ങള്‍ വഴി ക്ലാസ്സ്തല പ്രവേശനോത്സവവും നടന്നു.