കാസർഗോഡ്: 7618 ആണ്‍കുട്ടികളും 5226 പെണ്‍കുട്ടികളുമടക്കം 538 പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് ചൊവ്വാഴ്ച വരെ ജില്ലയില്‍ പ്രവേശനം നേടിയത് 14327 കുട്ടികള്‍. സര്‍ക്കാര്‍, എയ്ഡഡ്, എം.ജി.എല്‍.സി മേഖലകളില്‍ ജില്ലയിലെ 560 സ്‌കൂളുകളാണ് ജില്ലയില്‍ ഉള്ളത്. 22 സ്‌കൂളുകളില്‍ നിന്നുള്ള അവസാനകണക്കുകള്‍ ഇനിയും വരാനുണ്ട്. 14599 കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കുകള്‍ വരുമ്പോള്‍ ഇത്തവണ വര്‍ധനവുണ്ടാകും. അണ്‍ എയ്ഡഡ് മേഖലയില്‍ നിന്നും ഇതര സംസ്ഥാന സിലബസില്‍ നിന്നുമായി രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ 4356 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശന നേടി.

എട്ടാം തരത്തിലേക്കാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത്. 858 കുട്ടികള്‍. അഞ്ചാം തരത്തില്‍ 836 കുട്ടികളും പുതുതായി പൊതു മേഖലയില്‍ പ്രവേശനം നേടി. രണ്ടാം തരത്തില്‍ 614കുട്ടികളും, മൂന്നാം തരത്തില്‍ 613, നാലാം തരത്തില്‍ 503, ആറാം ക്ലാസിലേക്ക് 431, ഏഴാം തരത്തില്‍ 329, ഒമ്പതില്‍ 122, പത്താം തരത്തില്‍ 50 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലേക്ക് പ്രവേശനം നേടി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.വി.പുഷ്പ അറിയിച്ചു.