നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി

കാസർഗോഡ്: കേരളത്തിന്റെ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലായ് 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. ട്രോളിങ്നി രോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പോലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ജില്ലയിലെ രക്ഷാബോട്ട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. കര്‍ശന പരിശോധന നടത്താനും പട്രോളിംഗ് ബോട്ട് മഞ്ചേശ്വരത്തേക്ക് മാറ്റാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.
കീഴൂരിലെ ഫിഷറീസ് സ്റ്റേഷന്‍ ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് പ്രവര്‍ത്തനമാരംഭിക്കണമെന്നും ജില്ലക്ക് സ്ഥിരമായി രക്ഷാബോട്ട് അനുവദിക്കണമെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്റ്റ് പ്രകാരംകര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു.

അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 04672202537 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും 9496007034 എന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റമ്പറിലും ബന്ധപ്പെടാം.

ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.വി.സതീശന്‍ നിയന്ത്രണങ്ങള്‍ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, കാസര്‍കോട്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിമാര്‍, തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച്.ഷെരീഫ്, തൊഴിലാളി യൂണിയന്‍ നേതാക്കളായ അഡ്വ.യു. എസ്.ബാലന്‍, കാറ്റാടി കുമാരന്‍, ആര്‍.ഗംഗാധരന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

കേരളതീരത്ത് മത്സ്യബന്ധം നടത്തിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ടുപോകണം

രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജുവനൈല്‍ ഫിഷിംഗ് എന്നിവ കര്‍ശനമായി നിരോധിച്ചു.

പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരും കരിയര്‍ വള്ളങ്ങളില്‍ അഞ്ച് പേരും മാത്രമേ മത്സ്യബന്ധനം നടത്തുവാന്‍ പാടുളളൂ.

ട്രോളിംഗ് നിരോധനം തുടങ്ങുന്ന ജൂണ്‍ ഒമ്പതിന് അര്‍ധ രാത്രി 12 ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ദ്ധരാത്രി 12 മണിക്ക്‌ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാന്‍ പാടുളളൂ. സമയക്രമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

മണ്‍സൂണ്‍ കാലയളവില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായസുരക്ഷാ ഉപകരണങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാര്‍ഡ് എന്നിവ കരുതണം. മുന്നറിയിപ്പുകള്‍ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവു.

കടലില്‍ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമില്‍ വിളിച്ചറിയിക്കണം.

ലേലംഒഴിവാക്കി മാത്രമേമത്സ്യവില്‍പന നടത്തുവാന്‍ അനുമതിയുള്ളു.