ഇടുക്കി: കോവിഡിന്റെ പശ്ചാത്തലം ഒത്തു ചേരാനുള്ള അവകാശം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ഒരുമിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യ അനുഭവമായിരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ സ്‌കൂളുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും സമീപനങ്ങളും വിദ്യാര്‍ത്ഥി സമൂഹത്തിന് കൊടുത്ത വലിയ നേട്ടമാണ്. ആത്മാഭിമാനത്തോടുള്ള വിദ്യാഭ്യാസം, അടിസ്ഥാന വികസന രംഗത്തെ മാറ്റം, നവീനമായ കാഴ്ചപ്പാടും ഈ കാലഘട്ടത്തിന്റെ അവശ്യകതയില്‍ ഉയര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കൈവിടരുത്. ഒറ്റ കെട്ടായി കോവിഡ് മഹാമാരിയെ നേരിടാമെന്നു മന്ത്രി പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗങ്ങളിലെ 425 പ്രൈമറി സ്‌കൂളുകളില്‍ പ്രവേശനോല്‍സവം ഓണ്‍ലൈനായും കോവിഡ് ചട്ടങ്ങള്‍ പാലിച്ചു നേരിട്ടും നടത്തി. നേരിട്ട് നടത്തിയ ചടങ്ങുകളില്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷര്‍ മുഖ്യാതിഥികളായി. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഉള്‍പ്പെടെ 20 പേര്‍ക്കായിരുന്നു പങ്കെടുക്കാന്‍ അനുമതി. പീരുമേട് കരടിക്കുഴി ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ ബിനു മോന്‍ നേതൃത്വം നല്‍കി.

#idukkidistrict
#schoolopening
#idukki